പ്രിയ നടിക്ക് വിട… അനുസ്മരിച്ച് മലയാള സിനിമാ ലോകം

 

കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മലയാള സിനിമാ ലോകം. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ലളിതാന്റിയോടൊപ്പം വെള്ളിത്തിര പങ്കിടാന്‍ കഴിഞ്ഞതില്‍ ഭാഗ്യമെന്ന് പൃഥ്വിരാജ് പറഞ്ഞു.

വലിയൊരു കാലഘട്ടത്തിലെ നടിയാണ് കെപിഎസി ലളിത ചേച്ചിയെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ഓരോരുത്തരായി നമ്മുടെ മുന്‍പില്‍ ഇങ്ങനെ കൊഴിഞ്ഞുപോകുകയാണ്. ഒരുപാട് സിനിമകള്‍ ആ വലിയ നടിക്കൊപ്പം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഓര്‍മിച്ചു.

ഏത് ചെറിയ വേഷം പോലും വളരെ രസകരമായി ചെയ്യുന്ന നടിയാണ് കെപിഎസി ലളിതയെന്ന് സംവിധായകന്‍ മധുപാല്‍ 24നോട് പറഞ്ഞു.

സിനിമയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ചേച്ചിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. എനിക്ക് വലിയ നഷ്ടമാണ്. കാരണം, അത്രമാത്രം ആത്മബന്ധമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. എല്ലാ തലമുറയുടെയും കൂടെ സഹകരിച്ചിട്ടുള്ള നടിയാണ്. ഞാന്‍ സഹസവിധായകനായി സിനിമയിലെത്തിയ സമയം മുതല്‍ ചേച്ചിയുമായി ബന്ധമുണ്ടായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത എത്രയോ സിനിമകളില്‍ ചേച്ചി അഭിനയിച്ചു.കമല്‍ പ്രതികരിച്ചു.

കെപിഎസിയുടെ നാടകങ്ങളിലൂടെ കെപിഎസി ലളിത കലാരംഗത്ത് സജീവമായത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ല്‍ അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്.. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.കുറച്ചു കാലം മുന്‍പ് കെപിഎസി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

Exit mobile version