അനുകരണങ്ങളില്ലാതെ സ്വന്തമായി ഒരു കോമഡി ശൈലിയുണ്ടാക്കി മലയാളികളെ രസിപ്പിച്ച കലാകാരനാണ് വിടവാങ്ങിയ കോട്ടയം പ്രദീപ്. കുമാരനല്ലൂര്‍ സ്വദേശിയായ പ്രദീപ് ജനിച്ചതും വളര്‍ന്നതും കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും യുവജനോത്സവത്തിലും സജീവമായി. എകാങ്കനാടകം, പാട്ട്, ഡാന്‍സ്, തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. കോട്ടയം തിരുവാതുക്കല്‍ രാധാകൃഷ്ണ തിയറ്ററിന് സമീപം താമസിച്ചിരുന്ന പ്രദീപ് പതിയെ സിനിമയിലേക്കുമെത്തി.
സിനിമയില്‍ ആരെയും അനുകരിച്ചില്ല കോട്ടയം പ്രദീപ്.. സ്വന്തമായ ശൈലി കൊണ്ട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായി മാറി. ആദ്യകാലത്ത് ചിലര്‍ക്ക് പേരു കേട്ടാല്‍ മനസിലായില്ലെങ്കിലും ചില ഡയലോഗുകള്‍ കേട്ടാല്‍ പെട്ടെന്ന് ആളെ പിടികിട്ടും. അതിന്‍ന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന ചിത്രത്തിലെ ‘ഫിഷുണ്ട്… മട്ടനുണ്ട്… ചിക്കനുണ്ട്…. കഴിച്ചോളൂ, കഴിച്ചോളൂ…’ എന്ന ഡയലോഗ്.
ചിത്രത്തില്‍ തൃഷയുടെ അമ്മാവനായിട്ടാണ് പ്രദീപ് അഭിനയിച്ചത്. വീട്ടിലെത്തിയ നായകന്‍ ചിമ്പുവിനോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ പറയുന്ന ഡയലോഗ് കേറി ഹിറ്റാവുകയായിരുന്നു. പിന്നെ മലയാളി എല്ലാത്തിനും ഈ ഡയലോഗ് പല രൂപത്തില്‍ നിത്യജീവിതത്തില്‍ ഉപയോഗിച്ചു. ഇതേ ഡയലോഗ് തന്നെയാണ് സിനിമയുടെ ഹിന്ദി,തെലുങ്ക് പതിപ്പുകളിലും പറഞ്ഞത്. സംവിധായകന്‍ ഗൗതം മേനോന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ ഒഴുക്കന്‍മട്ടില്‍ ഈ ഡയലോഗ് പറഞ്ഞതെന്ന് പ്രദീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രദീപ് തന്നെ പല സിനിമകളിലും ഈ ഡയലോഗ് പല തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇനി താനീ ഡയലോഗ് ചെയ്യില്ലെന്നും ആളുകള്‍ക്ക് മടുക്കില്ലേ എന്നും പ്രദീപ് പറഞ്ഞിരുന്നു.
പത്താം വയസ്സിലാണ് അദ്ദേഹം ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. എന്‍.എന്‍. പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തിലൂടെ തുടങ്ങിയ കോട്ടയം പ്രദീപ് 40 വര്‍ഷമായി നാടകരംഗത്ത് സജീവമാണ്. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ഐസി ഉദ്യോഗസ്ഥനായി.
അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ ആയ ഒരു റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന് ആദ്യ അവസരം നല്‍കിയത് നിര്‍മ്മാതാവ് പ്രേം പ്രകാശാണ്.
1999ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അന്ന് അഭിനയിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പല തരത്തിലുള്ള വേഷങ്ങള്‍ അവതരിപ്പിച്ചു. തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2009ല്‍ ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ മലയാളി അമ്മാവനായി അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നന്ദു പൊതുവാള്‍ വഴി ഗൗതം മേനോന് മുന്നില്‍ ഓഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങള്‍ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.
