മരക്കാര്‍ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍

 

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കുള്ള ഇന്ത്യയിലെ നാമനിര്‍ദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചല്‍ ഫിലിമിനുള്ള വിഭാഗത്തില്‍ മരക്കാര്‍ ഇടം നേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്‌പെഷ്യല്‍ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളില്‍ നേരത്തെ ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു.

മരക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീമും പട്ടികയിലുണ്ട്. ആകെ 276 സിനിമകളാണ് പട്ടികയില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ റിലീസിനെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസായി. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിച്ചത്. വിഖ്യാത സംവിധായകന്‍ ഐവി ശശിയുടെ മകന്‍ അനി ഐവി ശശിയും പ്രിയദര്‍ശനൊപ്പം തിരക്കഥയില്‍ പങ്കാളിയായി.

മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ദീഖ്, സംവിധായകന്‍ ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം.

Exit mobile version