കളിക്കളത്തിലേക്ക് അനുഷ്‌കയും; ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് താരമായി തിരിച്ചു വരവ്

 

ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം അനുഷ്‌ക ശര്‍മ സിനിമയിലേക്ക് തിരിച്ചെത്തുന്നു. വനിതാ ക്രിക്കറ്റിലെ മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളും മുന്‍ ക്യാപ്റ്റനുമായ ജുലാന്‍ ഗോസ്വാമിയുടെ ജീവിത കഥയുമായാണ് അനുഷ്‌കയുടെ രണ്ടാം വരവ്. ചക്ദാ എക്‌സ്പ്രസ് എന്ന ചിത്രത്തിന്റെ ടീസറും അനുഷ്‌ക സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

നെറ്റ്ഫ്‌ലിക്‌സിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ക്ലീന്‍ സ്ലേറ്റ് ഫിലിംസിന്റെ ബാനറില്‍ അനുഷ്‌ക ശര്‍മ തന്നെ നിര്‍മിക്കുന്ന ചിത്രം പ്രോസിത് റോയ് ആണ് സംവിധാനം ചെയ്യുന്നത്.

ചക്ദാ എക്‌സ്പ്രസ് വളരെ സവിശേഷമായ ഒരു സിനിമയാണെന്നും വലിയൊരു ത്യാഗത്തിന്റെ കഥയാണെന്നും അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ജുലന്‍ ഗോസ്വാമിയുടെ ജീവിതത്തെയും വനിതാ ക്രിക്കറ്റിനെയും രൂപപ്പെടുത്തിയ നിരവധി സംഭവങ്ങളുടെ പുനരാഖ്യാനമാണ് ചിത്രമെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വനിതാ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ചതിന് ജുലനെയും അവരുടെ ടീമംഗങ്ങളെയും നാമെല്ലാവരും അഭിവാദ്യം ചെയ്യണം. ഒരു സ്ത്രീ എന്ന നിലയില്‍, ജുലന്റെ കഥ കേട്ടപ്പോള്‍ അഭിമാനം തോന്നി, അവരുടെ ജീവിതം പ്രേക്ഷകരിലേക്കെത്തിക്കാനായത് അതിലേറെ സന്തോഷകരമാണെന്നും അനുഷ്‌ക തന്റെ പോസ്റ്റില്‍ പറയുന്നു.

 

Exit mobile version