നിഷാദുമായി ബന്ധപ്പെട്ടിട്ടുള്ളത് രണ്ടുതവണ മാത്രം; ഇഡി പരിശോധനയില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

 

നിര്‍മാണക്കമ്പനിയുടെ ഓഫിസില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ ആദ്യമായി നിര്‍മിക്കുന്ന ‘മേപ്പടിയാന്‍’ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അറിയാന്‍ ആയിരുന്നു ഇഡിയുടെ പരിശോധനയെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

കണ്ണൂര്‍ സ്വദേശിയായ നിഷാദ് സിനിമ നിര്‍മിക്കാനെന്ന പേരില്‍ മുന്‍കൂര്‍ പണം നല്‍കിയിരുന്നെന്നും നിഷാദിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തന്റെയടുത്തേക്ക് എത്തിയതെന്നും ഉണ്ണി വ്യക്തമാക്കി.

‘2019 ലാണ് നിഷാദ് അഡ്വാന്‍സ് നല്‍കിയത്. പിന്നീട് കോവിഡും മറ്റു പ്രശ്‌നങ്ങളും മൂലം സിനിമയൊന്നും നടന്നില്ല. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പരസ്യ ആവശ്യത്തിനും സിനിമാ ആവശ്യത്തിനുമായി രണ്ടു തവണ മാത്രമാണ് നിഷാദ് താനുമായി ബന്ധപ്പെട്ടിട്ടുള്ളത്. നിഷാദിനെതിരെ ആരോപണങ്ങള്‍ ഉള്ള വിവരമൊന്നും അറിയില്ല. നിഷാദിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് ഇഡി എന്റെ സിനിമാ കമ്പനിയില്‍ എത്തിയത്.

തന്റെ പിതാവാണ് കാര്യങ്ങള്‍ നോക്കുന്നത്. പുതിയ ചിത്രമായ ‘മേപ്പടിയാ’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തുമ്പോഴേക്കും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. നിഷാദിന് പണം തിരികെ കൊടുക്കുമ്പോള്‍ ഇഡിയുടെ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശം തന്നിട്ടുണ്ട്’ എന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനം ചെയ്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1200 കോടി രൂപയുടെ തട്ടിപ്പു നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 11 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. കേരളത്തിലെ മോറിസ് കോയിന്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ ലോങ്‌റിച്ച് ടെക്‌നോളജീസ് എന്ന കമ്പനിയുടെ എംഡിയായ കളിയിടുക്കല്‍ നിഷാദിന്റെ അക്കൗണ്ടില്‍ നിന്ന് ഉണ്ണി മുകുന്ദന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചതായി ഇഡി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു പരിശോധന.

Exit mobile version