2015 ജൂലൈ 27? എന്താണ് ആ ദിവസം സംഭവിച്ചത് ? ഷില്ലോങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിലെ ആയിരങ്ങൾ പങ്കെടുത്ത പ്രസംഗ വേദി. ഇന്ത്യയുടെ പ്രഥമ പൗരനായിരുന്ന ഡോ എ.പി.ജെ. അബ്ദുള്‍ കലാം ആ വേദിയിൽ പ്രസംഗിക്കുന്നു. പ്രസംഗം നീളവേ പ്രേക്ഷകർ കാണുന്നത് വേദിയിൽ അദ്ദേഹം കുഴഞ്ഞു വീഴുന്നതാണ്. ഉടൻ തന്നെ അടുത്തുള്ള ബഥനി ആശുപത്രിയില്‍ അദ്ദേഹത്തെ എത്തിച്ചു.
എന്നാൽ വെെകിപ്പോയിരുന്നു. മരണം അദ്ദേഹത്തെ തേടിയെത്തിക്കഴിഞ്ഞിരുന്നു. പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡോ എ.പി.ജെ. അബ്ദുള്‍ കലാം അന്തരിച്ചു എന്ന് ലോകം കേട്ടുതുടങ്ങിയ ദിവസമായിരുന്നു അന്ന് .
തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച കലാമിന്റെ വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ ഇന്നും കാണാവുന്നതാണ്. അദ്ദേഹത്തിന്റെ സഹോദരൻ നടത്തുന്ന അപൂർവകൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു കടയും ഇതിനോടുചേർന്നുതന്നെഉണ്ടന്ന് പറയപ്പെടുന്നു.
പൂർണ്ണ സസ്യഭുക്കായിരുന്ന കലാമിന് മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന അബ്ദുൽ കലാം പ്രകൃതിയുടെ സംഹാരസ്വഭാവത്തെ മനസ്സിലാക്കാനിടവന്ന ഒരു സംഭവത്തെപ്പറ്റി തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
രാമനാഥപുരത്തെ ഷെവാർട് സ്കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു. എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.
രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954-ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു. ‘ആകാശങ്ങളിൽ പറക്കുക’ എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955-ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി.
അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു.വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങൾ കലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പഠനത്തിന്റെ രണ്ടാം വർഷത്തിൽ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്.
ഇദ്ദേഹം ബഹിരാകാശ എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുല്‍ പകീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം .
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുള്‍കലാം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മിസ്സൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന്‍’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടന്ന് ചരിത്രം അറിയാവുന്ന ആർക്കും മനസിലാകും .
2002-ല്‍ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെയാണ് അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തന്റെ ജനകീയനയങ്ങളാല്‍, ‘ജനങ്ങളുടെ രാഷ്ട്രപതി’ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ടെക്‌നോളജിയുടെ വൈസ് ചാന്‍സലറുമായിരുന്നു
കെ.ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്.
10 ജൂൺ 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു.
സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാംവട്ടം സാധ്യത കൂടി കല്പിക്കപ്പെട്ടിരുന്ന കെ.ആർ. നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി.
ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.ശേഷം പ്രണബ് മുഖർജിക്കും ഭാരതരത്ന ലഭിച്ചു.
2020 ല്‍ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധന്‍ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന്‍ കൂടിയായിരുന്നു.
വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നവയാണ്. അദ്ദേഹം ആളുകളുമായി, വിശിഷ്യാ വിദ്യാര്‍ത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു,
2015 ജൂലൈ 27 ന് 84-ാം വയസ്സിലാണ് അദ്ദേഹം അന്തരിക്കുന്നത്. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, ‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് മൃതദേഹം ആദ്യം ഡൽഹിയിലെ വസതിയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ജന്മനാടായ രാമേശ്വരത്തെത്തിച്ചു. അവിടെയുള്ള പൈക്കറുമ്പ് ശ്മശാനത്തിൽ വച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു.
കറുത്ത റിബൺ ധരിച്ചാണ് എ.പി.ജെ.അബ്ദുൽ കലാമിന്റെ മരണത്തിന് ഗൂഗിൾ അനുശോചനം നൽകിയത്. ഡൂഡിലിന്റെ മുകളിൽ കർസർ എത്തുമ്പോൾ ഇൻ മെമ്മറി ഓഫ് ഡോ.എ.പി.ജെ.അബ്ദുൽ കലാം എന്ന പോപ്പ് അപ്പും തെളിയും
സാധാരണ ഗതിയിൽ ഗൂഗിൾ സെർച്ച് എൻജിന്റെ ഹോം പേജിലെ ലോഗോയിൽ പരിഷ്കാരങ്ങൾ വരുത്തിയാണു ഡൂഡിൽ തയ്യാറാക്കുന്നത്. എന്നാൽ ലോഗോ പരിഷ്കരിക്കാതെ സെർച്ച് ബാറിനു താഴെ കറുത്ത റിബൺ കുത്തി വച്ച വ്യത്യസ്തമായ ഡൂഡിലാണ് ഗൂഗിൾ അന്ന് പുറത്തിറക്കിയത്.
