സ്വകാര്യ സ്ഥാപനങ്ങളിൽ സർക്കാർ കൊണ്ട് വന്ന ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി തീരുമാനം സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുമോ? ഇന്റർവ്യൂകളിൽ നിന്നും അവിവാഹിതരായ സ്ത്രീകൾ പിന്തള്ളപ്പെടാൻ സാധ്യതയുണ്ടോ ?  കേരള ധ്വനി എഡിറ്റർ ക്രിസ്റ്റിൻ കിരൺ തോമസ് എഴുതുന്നു..

ഇന്ന് രാവിലെ മനോരമ ദിനപത്രം വായിച്ചപ്പോൾ ആദ്യം കണ്ട വാർത്തയായിരുന്നു സംസ്ഥാനത്തെ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനി ശമ്പളത്തോടു കൂടിയ പ്രസവാവധി 6 മാസത്തേക്ക് ലഭിക്കും എന്നുള്ളത്. ഇത്തരത്തിലൊരു തീരുമാനം വന്നതോട് കൂടി ഇന്റർവ്യൂകളിൽ നിന്നും അവിവാഹിതരായ സ്ത്രീകൾ പിന്തള്ളപ്പെടാൻ സാധ്യതയേറെയാണ്.

സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ഇനി 26 ആഴ്ച ശമ്പളത്തോടു കൂടിയ പ്രസവാവധി ലഭിക്കും എന്നതാണ് സർക്കാർ പറയുന്നത്.. അണ്‍ എയ്ഡഡ് മേഖലയില്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം കൊണ്ടു വരുന്നതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിനു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല.

സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭായോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ടു നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി എന്നത് അഭിനന്ദനാർഹം ആണെങ്കിലും ഇതിനു സ്ത്രീകൾക്ക് ജോലി അവസരം നഷ്ടപ്പെടുത്തുന്ന ഒരു തീരുമാനത്തിലേക്ക് കാര്യങ്ങൾ പോകുമോ എന്നുള്ള വസ്തുതകളും പരിശോധിക്കേണ്ടതുണ്ട് .

ഇപ്പോഴുള്ള തീരുമാനപ്രകാരം മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്.

പ്രത്യേകിച്ച് ഒരു വനിതാ ദിനത്തിൽ വനിതകൾക്ക് ഉപകാരപ്രദമാകുന്ന ഇത്തരത്തിലൊരു സർക്കാർ തീരുമാനത്തെ ആദ്യം തന്നെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ഇത്തരം ഒരു നിയമം നടപ്പാക്കുന്നതിനു പലവിധ പരിമിതികളുണ്ട്. നിയമം നല്ലതു തന്നെ പക്ഷെ ഇത് എത്ര മാത്രം പ്രയോഗികമാകും എന്ന് ചില സംശയങ്ങളുണ്ട്.

സ്ത്രീകൾക്കുള്ള പുതിയ ജോലി അവസരങ്ങളെ ഈ നിയമം ബാധിക്കാൻ സാധ്യത ഉണ്ടെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഉദാഹരണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് ഇന്റർവ്യൂ നടക്കുകയാണെന്ന് വിചാരിക്കുക. ഒരു അധ്യാപക, അനധ്യാപക തസ്തികയിലേക്ക് നിരവധി സ്ത്രീ പുരുഷന്മാർ കടന്നു വരും.

എന്നാൽ ഇത്തരം ഒരു നിയമം പ്രാബല്യത്തിൽ വരുമ്പോൾ, സ്വാഭാവികമായും തൊഴിൽ ദാതാക്കൾ അതിൽ സ്ത്രീകളെ, പ്രേത്യേകിച്ച് 30 വയസ്സിൽ താഴെയുള്ള വിവാഹിതരല്ലാത്തതും, വിവാഹിതരായതുമായ സ്ത്രീകളെ ഒഴിവാക്കുവാൻ സാധ്യത ഉണ്ട്.

ആരെയൊക്കെ ജോലിക്കു എടുക്കണമെന്നുള്ളത് ഒരു സ്വകാര്യ സ്ഥാപനത്തിന് തീരുമാനിക്കാവുന്ന കാര്യമാണ്. അതിൽ നിർബന്ധം പിടിക്കാൻ സർക്കാരിന് കഴിയില്ല.

ഒരു സ്ത്രീ ജോലിക്കു കയറിയാൽ ഇത്തരത്തിൽ പ്രസാവാവധി കൊടുക്കേണ്ടി വരുമെന്ന് എല്ലാ സ്ഥാപന ഉടമകൾക്കും ഇപ്പോൾ ബോധ്യമായി തുടങ്ങും. ഇത്തരത്തിലൊരു സാഹചര്യം നില നിൽക്കുമ്പോൾ ഇന്റർവ്യൂ നു വരുന്ന സ്ത്രീകളെ ഒഴിവാക്കി അവർ പുരുഷന്മാരെ ജോലിക്ക് എടുക്കുന്ന സ്ഥിതി വിശേഷത്തിലേക്കു പോകുമെന്ന കാര്യം ഏതാണ്ടു വ്യക്തമാണ്.

അല്ലെങ്കിൽ തന്നെ വിവാഹം കഴിഞ്ഞു രണ്ടു കുട്ടികൾ ആയിട്ടുള്ള സ്ത്രീകൾക്ക് അവസരം കൊടുത്തെന്നും വരാം. ഇത്തരത്തിലൊരു കാര്യങ്ങൾ ഉണ്ടായാൽ ചെറുപ്പക്കാരായ സ്ത്രീകളുടെ അവസരം തൊഴിൽ മേഖലയിൽ നഷ്ടമാകാൻ സാധ്യത ഉണ്ട്.

അത് മാത്രമല്ല തൊഴിൽ ദാതാക്കൾ ഇത്തരത്തിലൊരു തീരുമാനം അംഗീകരിക്കുവാൻ സാധ്യത കുറവാണ്. ഇനി അംഗീകരിച്ചാൽ തന്നെ സ്ത്രീകൾക്കുള്ള അവസരം ഭാഗീകമായെങ്കിൽ പോലും കുറയ്ക്കാവുന്ന ഒരു നിയമം എന്ന് മാത്രമേ ഇതിനെ കാണുവാൻ കഴിയൂ..

Exit mobile version