രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസ്സിന്റെ കരുത്തും കാതലും മാഞ്ഞ ദിവസമാണ് ഇന്ന്; കണ്ണോത്ത് കരുണാകരൻ മാരാരുടെ ഓർമകൾക്ക് ഇന്ന് പതിനൊന്ന് വയസ്സ്; കേരള ധ്വനി ചീഫ് എഡിറ്റർ എഴുതുന്നു

രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസ്സിന്റെ കരുത്തും കാതലും മാഞ്ഞിട്ട് ഇന്നേക്ക് 11 വർഷം തികയുകയാണ്. മരിക്കാത്ത ഓർമ്മകളുമായി ലീഡർ കെ കരുണാകരൻ, പി വി നരസിംഹ റാവൂ തുടങ്ങിയവരുടെ ചരമവാർഷിക ദിനമായ ഡിസംബർ 23 ആണ് ഇന്ന്.

പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരൻ അഥവാ കണ്ണോത്ത് കരുണാകരൻ മാരാർ ഓർമ്മയായിട്ട് ഇന്ന് പതിനൊന്ന് വർഷം .നാലു തവണ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു.

ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 2007-ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകസമിതി അംഗമായിരിയ്ക്കേ കോൺഗ്രസ്സിലേയ്ക്കു തിരിച്ചു പോവുകയാണെന്ന് കരുണാകരൻ പ്രഖ്യാപിച്ചു.കെ കരുണാകരൻ കേരളത്തിന്റെ ഏഴാമത്തെയും പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും പതിനഞ്ചാമത്തെയും മുഖ്യമന്ത്രിയായിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി ആയതിനുള്ള ബഹുമതി കെ. കരുണാകരന് അവകാശപ്പെട്ടതാണ.ഒരു നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും അദ്ദേഹം തന്നെ.(1982-1987) കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയതും കരുണാകരൻ തന്നെയാണ്.(1977 മാർച്ച് 25 – ഏപ്രിൽ 27)

ജനിച്ചത് കണ്ണൂരിൽ ആണെങ്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹം വളർച്ച നേടിയത് തൃശൂരിൽ എത്തിയതോടെയാണ്.ആദ്യകാലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ആയിരുന്നു കൂടുതൽ താല്പര്യം. ഐ.എൻ.ടി.യു.സി സ്ഥാപക നേതാവാണ് കരുണാകരൻ. പിന്നീട് തൃശ്ശൂർ നഗരസഭയിൽ അംഗമായതോടെ ആണ് അധികാരത്തിലേക്കുള്ള പടയോട്ടം ആരംഭിച്ചത്. 1945 ലായിരുന്നു കരുണാകരൻ തൃശ്ശൂർ നഗരസഭയിൽ അംഗമായത്.

തുടർന്ന് 1948 കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു പിന്നീട് 1949-ലും 1952-ലും 1954-ലും തിരു-കൊച്ചി നിയമസഭയിൽ അംഗമായി.തിരു-കൊച്ചി അസംബ്ലിയിൽ 1952-1953 കാലഘട്ടത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ചീഫ് വിപ്പായിരുന്നു.1957 ൽ ഐക്യകേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നാണ് കരുണാകരൻ മത്സരിച്ചത്.പക്ഷേ വിജയം തുടർക്കഥയാക്കി മാറ്റിയിരുന്ന കരുണാകരനെ അത്തവണ കാത്തിരുന്നത് പരാജയമായിരുന്നു.ആ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഡോ.എ.ആർ. മേനോൻ കരുണാകരനെ പരാജയപ്പെടുത്തി.

പക്ഷേ പരാജയം അദ്ദേഹത്തെ തളർത്തിയില്ല.1965 ലെ തിരഞ്ഞെടുപ്പിൽ കരുണാകരൻ വിജയക്കൊടി പാറിച്ചു. തൃശൂർ ജില്ലയിലെ മാള നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ അംഗമായി. അതൊരു തുടക്കമായിരുന്നു.1967ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും ഒൻപത് എം എൽ എ മാർക്ക് ഒപ്പം നിയമസഭയിലെത്തിയ കരുണാകരൻ കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി.ഒരുപക്ഷേ, കേരളത്തിലെ കോൺഗ്രസിൻ്റെ അന്ത്യനാളുകൾ എന്ന് ജനങ്ങൾ കരുതിയ കാലഘട്ടമായിരുന്നു അത്.

എന്നാൽ 1970 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 32 സീറ്റുമായി കോൺഗ്രസിനെ മുന്നിലെത്തിക്കാൻ കരുണാകരന് കഴിഞ്ഞു. കോൺഗ്രസ് നയിച്ച ഐക്യ മുന്നണി 69 സീറ്റുമായി അധികാരത്തിലെത്തി. 1971 ൽ അദ്ദേഹം സി. അച്യുതമേനോൻ മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. ആക്കാലത്തായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 സീറ്റുമായി കോൺഗ്രസ് അധികാരത്തിലെത്തി.

പാർട്ടി നേതാവായിരുന്ന കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായി. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജൻ കേസിൽ ഹൈക്കോടതി നടത്തിയ പരാമർശത്തെ തുടർന്ന് അദ്ദേഹം രാജി വച്ചു. ആകെ 33 ദിവസമാണ് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നത്.1969 മുതൽ 1995 വരെ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലും 1970ൽ പാർലമെൻ്ററി ബോർഡിലും അംഗമായിരുന്ന കരുണാകരൻ ദേശീയ തലത്തിലും ശ്രദ്ധയനായി.

കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച് കൊണ്ട് 1970-ൽ ഐക്യ ജനാധിപത്യ മുന്നണി യു.ഡി.എഫ് രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാക്കളിലൊരാളാണ് കരുണാകരൻ.കേന്ദ്രത്തിലെ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.
കേരളത്തിലെ കോൺഗ്രസിൻ്റെ സമുന്നത നേതാവായിരുന്ന കരുണാകരൻ 2005 ൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് നാഷണൽ കോൺഗ്രസ്(ഇന്ദിരാ) എന്ന പുതിയ പാർട്ടിയ്ക്ക് രൂപം നൽകി പിന്നീട് ഈ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്നാക്കി മാറ്റി. 2006 ൽ ഡി.ഐ.സി (കെ.) എൻ.സി.പി യിൽ ലയിച്ചു. പിന്നീട് 2007 ഡിസംബർ 31-ാം തീയതി കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഡി.ഐ.സി (കെ.) ലയിച്ചു.2008 ജനുവരി ഒന്നിന് പുതുവത്സര ദിനത്തിൽ കരുണാകരൻ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി.

പാമൂലപാർഥി വെങ്കിട നരസിംഹറാവു ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രി. ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്‌. താരപ്രഭ തെല്ലുമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ഉയർന്ന പടികൾ ചവിട്ടിക്കയറിയ റാവു, തന്ത്രശാലിയായ രാഷ്ട്രീയ നേതാവായിരുന്നു.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നദ്ദേഹം പരാമർശിക്കപ്പെടാറുണ്ട്. നരസിംഹറാവു തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് പിന്നീട് വന്ന പ്രധാനമന്ത്രിമാർ പിന്തുടർന്നത്. തകർച്ചയിലായ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാനാണ് അദ്ദേഹം മൻമോഹൻ സിംഗിനെ സാമ്പത്തിക വകുപ്പ് മന്ത്രിയാക്കിയത്. ഭൂരിപക്ഷം തീരെ കുറഞ്ഞ ഒരു മന്ത്രിസഭയെ തന്ത്രങ്ങളിലൂടേയും, അനുനയിപ്പിക്കലുകളിലൂടേയും നയിക്കുകവഴി, ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന പേരും നരസിംഹറാവുവിന് ചാർത്തി കിട്ടിയിരുന്നു.

ലേഖകൻ: ക്രിസ്റ്റിൻ കിരൺ തോമസ്, ചീഫ് എഡിറ്റർ, കേരള ധ്വനി ഡോട്ട് കോം

Exit mobile version