പൗരത്വ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ ഇവ എന്ത് ? പൗരത്വ ഭേദഗതി നിയമം കുറുക്കു വഴിയോ ? കേരള ധ്വനി എഡിറ്റർ ക്രിസ്റ്റിൻ കിരൺ തോമസ് എഴുതുന്നു 

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍… ഇവ രണ്ടിന്റെയും പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിപടരുകയാണ്. ഒരു വിഭാഗം പ്രതിഷേധവുമായി തെരുവിലാണ്. ക്യാമ്പസുകള്‍ യുദ്ധഭൂമിയായി.

രണ്ടു നിയമങ്ങളും സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടും എന്താണെന്ന അന്വേഷണവും വലിയൊരു വിഭാഗം നടത്തുന്നുണ്ട്. പൗരത്വ നിയമവും അതില്‍ കേന്ദ്രസര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭേദഗതികളും ആരൊയൊക്കെ ബാധിക്കുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. ഇന്ത്യയിലെ പൗരന്മാര്‍ ആരാണെന്നും അവരെ നിര്‍വചിക്കുന്നതിനുള്ള അധികാരം ആര്‍ക്കാണെന്നുള്ളതും ഭരണഘടന വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 11 ലെ രണ്ടാം ഭാഗത്തില്‍ പാര്‍ലമെന്റിനാണ് പൗരന്മാരെ നിര്‍വചിക്കാനുള്ള അധികാരം. ഇതുപ്രകാരം 1955 ലാണ് രാജ്യത്തെ ആദ്യ പൗരത്വ നിയമം നിലവില്‍ വന്നത്. 1950 ജനുവരി 26 മുമ്പ് ജനിച്ച ആര്‍ക്കും ഇന്ത്യന്‍ പൗരനായി ജീവിക്കാമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്തിരുന്നു. ഇതുപ്രകാരം പൗരന്മാരായവര്‍ മാത്രമല്ല ഇന്ത്യയിലുള്ളത്. പാസ്‌പോര്‍ട്ടിന്റെ പിന്‍ബലത്തിലും യാതൊരു രേഖയുമില്ലാതെ കുടിയേറ്റക്കാരായും വലിയൊരു വിഭാഗം അന്നും ഇന്നും ഇന്ത്യയില്‍ തങ്ങുന്നുണ്ട്.

രാജ്യത്ത് അനധികൃത കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാന്‍ ഫോറിനേഴ്‌സ് ആക്ട്, പാസ്‌പോര്‍ട്ട് നിയമം എന്നിവ നേരത്തെ നിലവിലുണ്ട്. ഇതുപ്രകാരം അനധികൃത കുടിയേറ്റക്കാരെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലാകും പാര്‍പ്പിക്കുക. മതമരമായ പീഡനം അനുഭവിച്ച് പാകിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ വന്നവര്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന ഇളവ് 2015 സെപ്റ്റംബര്‍ ഏഴിന് നല്‍കി. എന്നാല്‍, പൗരത്വം നല്‍കിയിരുന്നില്ല.

അസം കരാര്‍ ഒപ്പിട്ടുവെങ്കിലും പിന്നീടു വന്ന സര്‍ക്കാരുകള്‍ അനധികൃതമായി കുടിയേറിയവരെ പുറത്താക്കുമെന്ന വ്യവസ്ഥ നടപ്പാക്കിയില്ല. മുന്നിലെത്തിയ ഒരു കേസില്‍ 2009 ല്‍ സുപ്രീം കോടതി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചു. 2019 ല്‍ പട്ടിക പൂര്‍ത്തിയാക്കുമ്പോള്‍ 19 ലക്ഷം പേര്‍ പുറത്തായി. ഇതില്‍ 10 മുതല്‍ 14 ലക്ഷം വരെയുള്ള ഹിന്ദുക്കാളാണെന്നാണ് അനുമാനം.

ഇവരെ നിലനിര്‍ത്തണമെങ്കില്‍ ഒന്നുകില്‍ പൗരത്വ രജിസ്റ്ററില്‍ വെള്ളം ചേര്‍ക്കണം അല്ലെങ്കില്‍ സംരക്ഷണം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തണം. അങ്ങനെ പാകിസ്ഥാനും ബംഗ്ലാദേശിനും പുറമേ അഫ്ഗാനിസ്ഥാനിലും മതപരമായി പീഡനം അനുഭവിക്കുന്ന അമുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനു അപേക്ഷിക്കാന്‍ പ്രത്യേക അനുവാദം നല്‍കുന്ന പൗരത്വ ഭേദഗതി 2019 ഡിസംബര്‍ 12ന് രാഷ്ട്രപതി ഒപ്പുവച്ചു. എന്നാല്‍, മുസ്ലീങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്ന നടപടികള്‍ ഭേദഗതിയില്‍ ഇല്ല. നിലവിലെ നിയമങ്ങള്‍ പ്രകാരം അവര്‍ക്കും പൗരത്വത്തിനു അപേക്ഷിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനത്തെത്തുടര്‍ന്നോ പീഡനം ഉണ്ടാകുമെന്ന ഭീതിയെത്തുടര്‍ന്നോ 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.

വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി.

പൗരത്വം നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യന്‍ പൗരന്മാരുടെ ഒസിഐ റജിസ്‌ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകള്‍ക്കു ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് ആവശ്യമായ പ്രദേശങ്ങളും ബില്ലിന്റെ പരിധിയില്‍ വരില്ല.

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാകുന്നതോടെ വിദേശികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡപ്യുട്ടി കമ്മിഷണറോ ജില്ലാ മജിസ്‌ട്രേട്ടോ കൃത്യമായി പരിശോധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന സര്‍ക്കാരുകളും അന്വേഷണം നടത്തണം. ഇരു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇനി ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ.

2014-ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്‍. 2016 ജൂലൈ 19-നാണ് ആദ്യമായി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 12-ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു കൈമാറി. 2019 ജനുവരി ഏഴിനാണു സമിതി റിപ്പോര്‍ട്ട് നല്‍കിയത്. 2019 ജനുവരി എട്ടിനു ബില്‍ ലോക്‌സഭ പാസാക്കി. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാതിരുന്ന സാഹചര്യത്തില്‍ പതിനാറാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവായി. വീണ്ടും ഡിസംബര്‍ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍ ഒൻപതാം തീയതി ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. 311 വോട്ടുകള്‍ക്കു ലോക്സഭയിൽ പാസായ ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.

ഇപ്പോഴത്തെ നിയമഭേദഗതിയനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും. മുസ്‌ലിംകളെക്കുറിച്ചു പരാമര്‍ശമില്ലാത്തതുകൊണ്ട് അവര്‍  ഒഴിവാകുമെന്നാണ് വിലയിരുത്തൽ.

അങ്ങനെ ഒഴിവായാൽ തന്നെ അത് വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ കുടിയേറിയ മുസ്ലിം വിഭാഗക്കാരെ ബാധിക്കില്ല എന്ന് നിസംശയം പറയാം. അതിനാൽ തന്നെ നേരത്തെ കുടിയേറിയവർക്കു ഇക്കാര്യത്തിൽ ആശങ്ക വേണ്ട.  എന്തായാലും ന്യൂനപക്ഷങ്ങളായ മുസ്ലിം സമുദായക്കാർക്കു ആശങ്കയുണർത്തുന്ന ഒരു നിയമ ഭേദഗതിയാണ് ഇതെന്ന് തന്നെയാണ് എന്റെയും വ്യക്തിപരമായ വിലയിരുത്തൽ.

ആര് ഭരിച്ചാലും മതേതരത്വം നില നിലയ്ക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറട്ടെ എന്ന് ഞാനും പ്രതീക്ഷിക്കുന്നു. കേരള ധ്വനിക്കു വേണ്ടി ക്രിസ്റ്റിൻ കിരൺ തോമസ് (എഡിറ്റർ)

 

Exit mobile version