ചരിത്രത്തിൽ സ്ഥാനം നേടിയ കറുത്ത വെള്ളിയും, സൈബർ തിങ്കളും എന്താണ്? കേരള ധ്വനി ചീഫ് എഡിറ്റർ എഴുതുന്നു

എന്താണ് ബ്ലാക്ക് ഫ്രൈഡേ (Black Friday)? ഇന്ത്യക്കാർക്ക് വേണ്ടത്ര പരിചയമില്ലാത്ത, സാധാരണയായി കേൾക്കാത്ത രണ്ടു വാക്കുകളാണ് ‘ബ്ലാക്ക് ഫ്രൈഡേ’ യും ‘സൈബർ മൺഡേ’ യും. ഓരോ വർഷവും താങ്ക്സ് ഗിവിങ്ങിന് ശേഷമുള്ള വെള്ളിയാഴ്ച നടക്കുന്ന വാർഷിക ഷോപ്പിംഗ്‌ ഇവന്റാണ് ബ്ലാക്ക് ഫ്രൈഡേ.

ഈ ദിവസം മുതൽ അടുത്ത തിങ്കൾ വരെ സൈബർ മൺഡേ ആയും കണക്കാക്കുന്നു. ഇത്തവണ നവംബർ 25 ന് നടന്ന താങ്ക്സ് ഗിവിങ്ങിന് ശേഷം 26 നാണ് ബ്ലാക്ക് ഫ്രൈഡേ ആചരിച്ചത്. താങ്ക്സ് ഗിവിങ്ങിന് ശേഷമുള്ള വെള്ളിയാഴ്ച ആളുകൾ വലിയ തോതിൽ ഷോപ്പിംഗ്‌ നടത്തുകയും വ്യാപാരികൾക്ക് ഇത് ലാഭം കൊയ്യുന്ന ദിവസമായി മാറുകയും ചെയ്യും. അവധിക്കാല ഷോപ്പിംഗ്‌ സീസണിന്റെ ആരംഭം കൂടിയാണിത്.

അമേരിക്കയിൽ തുടക്കമായ കറുത്ത വെള്ളിയും, ഇതിനോടനുബന്ധിച്ചുള്ള താങ്ക്സ്ഗിവിങ്സ് ദിനത്തിന്റെയും പ്രാധാന്യം വളരെ വലുതാണ്. അമേരിക്കൻ ജനതകൾ ഈ ദിനം മറ്റുള്ളവർക്ക് സമ്മാനം നൽകുവാനുള്ള ദിനമായി ആചരിക്കുന്നു. അതിനാൽ തന്നെ ഈ കറുത്ത വെള്ളിക്ക് ശേഷമുള്ള തിങ്കളാഴ്ച്ച വ്യാപാര സ്ഥാപനങ്ങളിൽ നിരവധി ഓഫറുകളാണ് പ്രത്യക്ഷപ്പെടുന്നത്.

1952 മുതലാണ് അമേരിക്കയിൽ കറുത്ത വെള്ളിക്ക് ശേഷമുള്ള തിങ്കളാഴ്ച്ച ക്രിസ്മസ് ഷോപ്പിംഗ് സീസണിന്റെ തുടക്കമായുള്ള താങ്ക്സ്ഗിവ് ദിനമായി കണക്കാക്കപ്പെടുന്നത്. ഈ രീതി സാന്താക്ലോസ് പരേഡുകളുടെ ആശയവുമായി ബന്ധപ്പെടുത്തിയാണ് സൈബർ തിങ്കൾ എന്ന വ്യാപാര ദിനം നടന്നുവരുന്നത് .

തുടക്കം 1952 കളിൽ:

1952 – 60 കളിൽ യു.എസിലാണ് ഈ വാക്കുകൾ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ഈ ദിവസം ഷോപ്പിങ്ങിനായി നിരവധി ആളുകൾ എത്തുന്നതിനാൽ പോലീസിന് ജനങ്ങളെ നിയന്ത്രിയ്ക്കുക എന്നത് യഥാർത്ഥത്തിൽ ദുഷ്കരമായ ജോലിയായിരുന്നു. അതിനെ സൂചിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥരാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണ് കരുതുന്നത്

താങ്ക്സ്ഗിവിംഗ് ആഘോഷിക്കുന്ന പരേഡുകളിൽ പലപ്പോഴും പരേഡിന്റെ അവസാനം സാന്ത പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്, “സാന്താ എത്തി” അല്ലെങ്കിൽ “സാന്താ വളരെ അടുത്താണ്” എന്ന ആശയമാണ് ഇതിനു ആധാരം. ക്രിസ്മസ് എല്ലായ്പ്പോഴും താങ്ക്സ്ഗിവിംഗിന് ശേഷമുള്ള അടുത്ത പ്രധാന ക്രിസ്ത്യൻ അവധിയാണ്.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും, നിരവധി താങ്ക്സ്ഗിവിംഗ് പരേഡുകൾ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ സ്പോൺസർ ചെയ്തിരുന്നു. ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ ഒരു വലിയ പരസ്യ പ്രചാരണം ആരംഭിക്കാൻ പരേഡുകൾ ഉപയോഗിക്കും. താങ്ക്സ്ഗിവിംഗിന് ശേഷമുള്ള തിങ്കൾ എന്ന ദിവസം ഷോപ്പിംഗ് സീസൺ ഔദ്യോഗികമായി ആരംഭിക്കുന്ന ദിവസമായി മാറി.

1980 കളിൽ ആണ് വ്യാപാരികൾക്ക് ഈ ദിവസം ഏറ്റവും മികച്ചതായി മാറിയത്. വർഷത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നതും ലാഭം കൊയ്യുന്നതുമായ ദിനമായി ഇത് മാറി. എല്ലാവരും ഈ ദിനം കാത്തിരിയ്ക്കുന്ന അവസ്ഥയിലെത്തി. വലിയ ലാഭം നൽകുന്ന ഈ ദിനത്തെ വ്യാപാരികളും ബ്ലാക്ക് ഫ്രൈഡേ എന്ന് സ്നേഹത്തോടെ വിളിയ്ക്കാൻ തുടങ്ങി. ബ്ലാക്ക് എന്നത് എല്ലാവര്ക്കും അശുഭ നിറമാകുമ്പോൾ വ്യാപാരികൾക്ക് മറിച്ചാണ്. ലാഭം സൂചിപ്പിക്കാനായി കറുപ്പ് നിറത്തിലുള്ള മഷിയാണ് അവർ ഉപയോഗിക്കുന്നത്, നഷ്ടം ചുവപ്പ് നിറത്തിലും. അതിനാലാണ് ലാഭം കൊണ്ടുവരുന്ന ഈ ദിനത്തെ അവർ ബ്ലാക്ക് ഫ്രൈഡേ എന്ന് നിസംശയം വിളിച്ചത്.

എന്താണ് സൈബർ മൺഡേ?

താങ്ക്സ് ഗിവിംഗ് ചടങ്ങിന് ശേഷമുള്ള വെള്ളിയാഴ്ച എല്ലാവർക്കും ഷോപ്പിംഗ്‌ നടത്താൻ കഴിയണമെന്നില്ല, അതിനാൽ ഇത്തരം ആളുകൾക്കായി അതിനു ശേഷമുള്ള തിങ്കളാഴ്ച ഓൺലൈൻ വ്യാപാരം നടത്താൻ അവസരം നൽകാൻ തുടങ്ങി. 2000 ത്തിന് ശേഷമാണ് ഈ പ്രവണത ആരംഭിച്ചത്. ഈ ദിവസങ്ങളിൽ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർ ഓൺലൈൻ വ്യാപാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. വ്യാപാരികൾ ഈ ദിവസങ്ങളിൽ വലിയ ഓഫറുകൾ നൽകുകയും ചെയ്യുന്നുണ്ട്. ഡിജിറ്റൽ മാർഗങ്ങളിലൂടെ ഈ ദിവസം വലിയ തോതിലുള്ള വ്യാപാരം നടക്കുകയും ലാഭമുണ്ടാക്കാൻ സാധിക്കുകയും ചെയ്യുന്നു.

ബ്ലാക്ക് ഫ്രൈഡേ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഔദ്യോഗിക അവധിയല്ല, എന്നാൽ കാലിഫോർണിയയും മറ്റ് ചില സംസ്ഥാനങ്ങളും “താങ്ക്സ്ഗിവിംഗിന് ശേഷമുള്ള ദിവസം” സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അവധിയായി ആചരിക്കുന്നു. കൊളംബസ് ദിനം പോലെയുള്ള മറ്റൊരു ഫെഡറൽ അവധിക്ക് പകരമായി ഇത് ചിലപ്പോൾ ആചരിക്കാറുണ്ട്. പല റീട്ടെയിൽ ഇതര ജീവനക്കാർക്കും സ്കൂളുകൾക്കും താങ്ക്സ്ഗിവിംഗും തുടർന്നുള്ള വെള്ളിയാഴ്ചയും അവധിയുണ്ട്. ഇനിപ്പറയുന്ന പതിവ് വാരാന്ത്യത്തോടൊപ്പം, ഇത് ബ്ലാക്ക് ഫ്രൈഡേ വാരാന്ത്യത്തെ നാല് ദിവസത്തെ വാരാന്ത്യമാക്കുന്നു, ഇത് ഷോപ്പർമാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു.

ക്രിസ്മസ് ഷോപ്പിംഗുമായുള്ള താങ്ക്സ്ഗിവിംഗിന്റെ ബന്ധം പിന്നീട്  വിവാദങ്ങൾക്ക് വഴിവെച്ചു. റീട്ടെയിൽ സ്റ്റോറുകൾക്ക് ഒരു നീണ്ട ഷോപ്പിംഗ് സീസൺ ആവശ്യമായിരുന്നു. ഇക്കാരണത്താൽ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് ഒരു വിളംബരം പുറപ്പെടുവിച്ചു, താങ്ക്സ്ഗിവിംഗ് ദിനം നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ്, അതായത് ക്രിസ്മസ് ഷോപ്പിംഗ് സീസൺ ദീർഘിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ്. ഭൂരിഭാഗം ആളുകളും പ്രസിഡന്റിന്റെ ഈ നിലപാട് അംഗീകരിച്ചു.

ബ്ലാക്ക് ഫ്രൈഡേയേക്കാൾ മികച്ച ഡീലുകൾ വാഗ്ദാനം ചെയ്ത് 2015-ൽ Amazon.com രംഗത്തെത്തി. ബ്ലാക്ക് ഫ്രൈഡേ” ഡീലുകൾ “പ്രൈം ഡേ” എന്നാണ് ആമസോൺ വിളിച്ചിരുന്നത്. 2016 ലും 2017 ലും ആമസോൺ ഈ രീതി ആവർത്തിച്ചു, മറ്റ് കമ്പനികളും സമാനമായ ഡീലുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങി. അങ്ങനെ കറുത്ത വെള്ളിയും, സൈബർ തിങ്കളും അമേരിക്കൻ വ്യാപാരമേഖലയിൽ പ്രധാന ദിനമായി മാറി. ഈ ദിനം ഇന്ത്യയിലും പ്രാധാന്യമർഹിക്കുന്ന ദിനമായി ഇപ്പോൾ മാറി വരികയാണ്. ഇന്ത്യൻ ഓൺലൈൻ രംഗങ്ങളിലെ ഭീമന്മാരും ഈ ദിനത്തിൽ നിരവധി ഓഫറുകളുമായി രംഗത്തെത്തുകയാണ് ഇപ്പോൾ.

ലേഖകൻ: ക്രിസ്റ്റിൻ കിരൺ തോമസ്, കേരള ധ്വനി ഡോട്ട് കോം ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററും, കോട്ടയം മാങ്ങാനം സ്വദേശിയുമാണ്

Exit mobile version