Main Menu

തട്ടുകടകളുടെ മറവിൽ കോട്ടയത്ത് ക്രിമിനലുകൾ പെരുകുന്നു. കുറ്റവാളികളെ ഒതുക്കാൻ കോട്ടയം പോലീസിന്റെ ഓപ്പറേഷൻ ടൗൺ ക്ലീൻ

കോട്ടയം: നഗരത്തിലെ കുറ്റവാളികളെ ഒതുക്കാൻ ‘ഓപ്പറേഷൻ ടൗൺ ക്ലീൻ’ എന്ന പേരിൽ കർശന നടപടികളുമായി പോലീസ്. നഗരത്തിലെ ക്രിമിനലുകളെയും അവരെ സഹായിക്കുന്ന അനധികൃത കച്ചവടക്കാരെയും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി. വെള്ളിയാഴ്ചമുതൽ ഓപ്പറേഷൻ ടൗൺ ക്ലീനിങ് നഗരത്തിൽ നടപ്പാക്കുമെന്ന് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുൺ പറഞ്ഞു. കോട്ടയം നഗരത്തിലെ തട്ടുകടകളിൽ കച്ചവടം നടത്തുന്നതിലേറെയും ക്രിമിനലുകളും നിരവധി കേസുകളിലെ പ്രതികളുമാണെന്ന് പോലീസ് പറഞ്ഞു.

കടച്ചവടത്തിനായി നഗരസഭ നൽകുന്ന ലൈസൻസ് യഥാർഥ ഉടമകളിൽനിന്ന് മറിച്ചുവില്പനയിലൂടെ വാങ്ങിയാണ് ക്രിമിനലുകൾ കച്ചവടം നടത്തുന്നത്. എന്നാൽ, നഗരസഭയുടെ രജിസ്റ്ററിൽ ലൈസൻസ് യഥാർഥ ഉടമയുടെ പേരിലായിരിക്കും. ലൈസൻസ് ഉടമകൾക്ക് വൻതുകകൾ നൽകിയാണ് ക്രിമിനലുകൾ അനധികൃത കച്ചവടം നടത്തുന്നത്. നഗരസഭ നൽകിയ ലൈസൻസ് ഉടമയല്ലാതെ ഇത്തരത്തിൽ കച്ചവടം നടത്തുന്ന കടകൾ ഒാപ്പറേഷൻ ടൗൺ ക്ലീൻ നടപടിയിലൂടെ പൊളിച്ചുനീക്കാനാണ് പോലീസിന്റെ തീരുമാനം. കച്ചവടത്തിന്റെ മറവിൽ മറ്റ് സ്ഥലങ്ങളിൽനിന്നുള്ള കുറ്റവാളികൾ നഗരത്തിൽ തമ്പടിക്കുകയാണ്. ഒരു കടയെ ചുറ്റിപ്പറ്റി നിരവധിപ്പേരാണുള്ളത്. ഇത്തരത്തിൽ കടകൾ കേന്ദ്രീകരിച്ച് നിൽക്കുന്ന സംഘമാണ് നഗരത്തിലെ അടിപിടി-അക്രമങ്ങൾക്കും പിടിച്ചുപറിക്കും മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്നിലെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp