സിബിൽ സ്കോറിൽ ആശങ്ക ഒഴിയുന്നു; ക്രെഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം

തിരുവനന്തപുരം: സിബിൽ സ്‌കോർ ആശങ്കക്ക് ആശ്വാസമാകുന്നു. ക്രെഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം. സിബിൽ സ്‌കോറിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി റിപ്പോർട്ടർ നൽകിയ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി.

ജനുവരി ഒന്നുമുതൽ ക്രഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാകും. ഇതു സംബന്ധിച്ചുള്ള റിസർവ് ബാങ്കിന്റെ നിർദേശം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ അംഗീകരിച്ചു. ഓരോ മാസവും 9, 16, 23, മാസത്തിലെ അവസാന തീയതി എന്നിങ്ങനെയായിരിക്കും ക്രെഡിറ്റ് സ്‌കോർ അപ്‌ഡേറ്റ് ചെയ്യുക. നിലവിൽ മാസത്തിൽ ഒരു തവണയാണ് സിബിൽ സ്‌കോർ അപ്‌ഡേറ്റ് ചെയ്യുന്നത്.

പുതിയ തീരുമാനം അതിവേഗത്തിൽ വായ്പ സാധ്യമാക്കാനും പലിശ നിരക്ക് കുറയാനും സഹായിക്കും. സിബിൽ സ്‌കോർ പ്രശ്‌നം ചൂണ്ടിക്കാട്ടി അർഹരായ പലർക്കും വായ്പ നിഷേധിക്കുന്നതിനും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ഇടയാക്കുന്നത് വ്യക്തമാക്കിയായിരുന്നു റിപ്പോർട്ടറിന്റെ വാർത്താപരമ്പര.

Exit mobile version