ഇന്ധനമില്ല; എച്ച്.പിയുടെ ഇരുനൂറിലധികം പമ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു; വന്‍ലാഭം ലക്ഷ്യമിട്ട് ഇന്ധനം പൂഴ്ത്തുകയാണെന്ന് ആക്ഷേപം

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിനു കീഴിലെ പമ്പുകളില്‍ ഇന്ധനം കിട്ടാനില്ല. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് എച്ച്.പിയുടെ ഇരുനൂറിലധികം പമ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വന്‍ലാഭം ലക്ഷ്യമിട്ട് കമ്പനി ഇന്ധനം പൂഴ്ത്തുകയാണെന്നാണ് ആക്ഷേപം. സ്വകാര്യ ഏജന്‍സിയായ നയാര എനര്‍ജി ലിമിറ്റഡിന്റെ പമ്പുകളില്‍ ഭൂരിഭാഗവും ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

മുന്‍കൂര്‍ പണമടച്ചിട്ടും കമ്പനി ആവശ്യത്തിന് ഇന്ധനമെത്തിക്കുന്നില്ലെന്നാണ് എച്ച്.പി പമ്പുടമകളുടെ പരാതി. പണമടച്ച് ദിവസങ്ങള്‍ കാത്തിരുന്നാല്‍ ആവശ്യത്തിന്റെ പകുതി മാത്രം ഇന്ധനമാണ് പമ്പുകളില്‍ എത്തുന്നത്. ഇതേതുടര്‍ന്ന് ഗ്രാമീണ മേഖലകളിലടക്കം പമ്പുകള്‍ അടച്ചിടേണ്ട അവസ്ഥയിലാണെന്ന് ഉടമകള്‍ പറയുന്നു. പ്രതിദിനം ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ കോടികളുടെ ലാഭമുണ്ടാക്കാനായി കമ്പനി ഇന്ധനം പൂഴ്ത്തിവയ്ക്കുന്നുവെന്നാണ് ആരോപണം.

വിപണിയിയില്‍ പ്രാതിനിധ്യം ശക്തമാക്കാനായി പമ്പുകള്‍ക്ക് നല്‍കിയിരുന്ന ക്രെഡിറ്റ് സൗകര്യവും എച്ച്.പി നിര്‍ത്തിയതോടെ ഉടമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇപ്പോഴത്തേത് താത്കാലിക പ്രതിസന്ധി മാത്രമാണെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് എച്ച്.പി അധികൃതരുടെ വിശദീകരണം.

നയാര എനര്‍ജി ലിമിറ്റഡിനു കീഴിലുള്ള പമ്പുകളിലും ഇന്ധനം ലഭിക്കാനില്ല. മിക്ക നയാരാ പമ്പുകളും ഇന്ധനമെത്തിക്കാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്.

 

Exit mobile version