വിലക്കയറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായി ഹോട്ടലുടമകള്‍; വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

 

വാണിജ്യ സിലിണ്ടറിന് വില വര്‍ദ്ധിച്ചതും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ഹോട്ടലുടമകളെ പ്രതിസന്ധിയിലായിക്കുകയാണ്. ഇനി വില വര്‍ദ്ധിപ്പിക്കാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഹോട്ടലുടമകളുടെ നിലപാട്. വാണിജ്യ സിലിണ്ടറുകള്‍ക്ക് ഒറ്റ ദിവസം കൊണ്ട് വര്‍ദ്ധിച്ചത് 250 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഒരു സിലിണ്ടറിന് 1600 രൂപയായിരുന്നിടത് ഇന്ന് 2300 രൂപയ്ക്ക് മുകളിലാണ് വില. ദിനം പ്രതി 6 സിലിണ്ടറുകള്‍ ചിലവാകുന്ന ഹോട്ടലുകളില്‍ ഇത് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത് .

ഒരു ലക്ഷത്തോളം രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കായി ഇവര്‍ക്ക് ചിലവാകുന്നത്. യുക്രൈന്‍ യുദ്ധം മൂലം പാമോയിലിനും വെളിച്ചണ്ണയ്ക്കും അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ദ്ധിച്ചിരുന്നു. ഇതിന് പുറമേയാണ് ഇന്ധന വില കൂടി വര്‍ദ്ധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭക്ഷണത്തിന്റെ വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗനമില്ലെന്നും ഉടമകള്‍ പറയുന്നു.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നടത്തുന്ന സ്ഥാപനങ്ങള്‍ 40 ശതമാനത്തിനടുത്ത് ചാര്‍ജ് ഈടാക്കുന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കണ്ട സാഹചര്യമാണ്. അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവ് അടക്കം നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Exit mobile version