റോക്കറ്റു പോലെ സ്വര്‍ണ വില; ഇന്ന് കൂടിയത് 560 രൂപ

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 560 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. 38720 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4880 ആയി. രണ്ടു ദിവസത്തിനിടെ 880 രൂപയാണ് വര്‍ധിച്ചത്.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ത്തിലേക്കു തിരിഞ്ഞതായി വിദഗ്ധര്‍ പറയുന്നു.

ഈ മാസം ആദ്യദിനം പവന് 37,360 രൂപ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. തൊട്ടടുത്ത ദിനം 38160 രൂപയിലെത്തി. മാര്‍ച്ച് മൂന്നിന് 320 രൂപ കുറഞ്ഞ് 37840 രൂപയായി. ഇന്നലെ 38160 രൂപയുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ 38,720 രൂപയിലെത്തി നില്‍ക്കുന്നത്.

കോവിഡ് മഹാമാരിക്കാലത്താണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. പവന് 42,000 രൂപ വരെ എത്തിയ ശേഷമാണ് വില തിരിച്ചിറങ്ങിയത്. കോവിഡ് ഭീഷണി ഒഴിഞ്ഞുപോകാത്തതിനാല്‍ നിക്ഷേപകര്‍ കയ്യിലുള്ള സ്വര്‍ണം പൂര്‍ണമായി വില്‍ക്കാന്‍ തയാറാകുന്നില്ല. കോവിഡിനൊപ്പം ആഗോളതലത്തില്‍ നാണ്യപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നത് സ്വര്‍ണവില ഇനിയും ഉയരാന്‍ കാരണമാകും. ഇതിനു പുറമേയാണ് യുദ്ധം വിപണിയില്‍ ആഘാതമുണ്ടാക്കുന്നത്.

Exit mobile version