പെറ്റ് ബോട്ടില്‍ തൈര് 500 ഗ്രാം വിപണിയിലിറക്കി മില്‍മ

കൊല്ലം: ഉല്‍പ്പന്ന വൈവിദ്ധ്യവത്ക്കരണത്തിന്‍റേയും വിപണന ശൃംഖല വിപുലീകരണത്തിന്‍റേയും  ഭാഗമായി മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ പെറ്റ് ബോട്ടില്‍ തൈര് 500 ഗ്രാം  വിപണിയിലിറക്കി. ഹോമോജിനൈസ്ഡ് ടോണ്‍ഡ് പാല്‍ 525 എംഎല്‍, തൈര് 525 ഗ്രാമിനുമൊപ്പമാണ് മില്‍മ ആകര്‍ഷകമായ പെറ്റ് ബോട്ടില്‍ തൈര് വിപണിയിലിറക്കിയത്.

കൊല്ലം  പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍  മേയര്‍ ശ്രീമതി. പ്രസന്നാ ഏണസ്റ്റ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. നൂതനമായ നിരവധി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മില്‍മ ഇതിനോടകം വിപണിയിലെത്തിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. കൃത്രിമ പാല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ആരോഗ്യം ഉറപ്പുവരുത്തുന്നതിനും മില്‍മ ഉല്‍പ്പന്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ നടത്തേണ്ടതുണ്ട്. മില്‍മയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നത് മഹാമാരിയില്‍ തൊഴില്‍ നഷ്ടമായ യുവജനങ്ങള്‍ക്കു മുന്നിലുള്ള മികച്ച അവസരമാണ്. നല്ല പ്രോജക്ടുകള്‍ സമര്‍പ്പിക്കുന്നവരെ പിന്തുണയ്ക്കാന്‍ കോര്‍പ്പറേഷന്‍ സന്നദ്ധമാണെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ ആറ് മാസമായി തിരുവനന്തപുരം മേഖലയിലെ പാല്‍ ഉത്പ്പാദനത്തില്‍ പ്രതിദിനം അന്‍പതിനായിരം ലിറ്ററിന്‍റെ വര്‍ദ്ധനവുണ്ടെന്ന് അദ്ധ്യക്ഷനായിരുന്ന തിരുവനന്തപുരം യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍  ശ്രീ എന്‍ ഭാസുരംഗന്‍ പറഞ്ഞു. ഒരു ലക്ഷം ലിറ്റര്‍ പാല്‍ അധികമായി കിട്ടിയാലേ തിരുവനന്തപുരം മേഖലയെ സ്വയംപര്യാപ്തമാക്കാനാകൂ. അതേസയമം, സംസ്ഥാനത്തിന്‍റെ ആവശ്യകതകള്‍ക്കനുസരിച്ചുളള പാല്‍ ഉണ്ട്. തിരുവനന്തപുരം മേഖല സ്വയംപര്യാപ്തതയിലെത്തുമ്പോള്‍ ഉത്പ്പാദന മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അധിക പാല്‍ ഉപയോഗിച്ച്  വ്യത്യസ്ത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുമാകും. രാജ്യത്തെ വമ്പന്‍ ബ്രാന്‍ഡായി മില്‍മയെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കിംഡ് പാലില്‍ നിന്നാണ് പെറ്റ് ബോട്ടില്‍ തൈര് ഉണ്ടാക്കുന്നതെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡി എസ് കോണ്ട പറഞ്ഞു. ഇതില്‍ കൊഴുപ്പ് കുറവായതിനാല്‍ ഹൃദ്രോഗം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്കും അത്യുത്തമമാണ്. ഈ വര്‍ഷം 1200 കോടി രൂപയുടെ വരുമാനമാണ് തിരുവനന്തപുരം മേഖല ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1022 കോടി രൂപ ആയിരുന്നെന്നും അദ്ദേഹം അറിയിച്ചു.

ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന കൊല്ലം ഡെപ്യൂട്ടി മേയര്‍ ശ്രീ. കൊല്ലം മധു നിര്‍വ്വഹിച്ചു. മില്‍മ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ശ്രീ. കെ ആര്‍ മോഹനന്‍ പിള്ള സ്വാഗതം പറഞ്ഞു. തേവള്ളി വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ബി ഷൈലജ ചടങ്ങില്‍ സന്നിഹിതയായിരുന്നു. കൊല്ലം ഡെയറി മാനേജര്‍ ഡോ.ആര്‍.കെ.സാമുവല്‍ നന്ദി പറഞ്ഞു.
Exit mobile version