Main Menu

ബാങ്ക് മാനേജരെ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്ത് മർദിച്ച സംഭവം. എസ പി നിശാന്തിനി 18.5 ലക്ഷം നൽകി കേസ് ഒത്തുതീർപ്പാക്കി. നീണ്ടത് 8 വർഷം നീണ്ട നിയമ പോരാട്ടം.

തൊടുപുഴ ∙ യൂണിയൻ ബാങ്ക്‌ തൊടുപുഴ ശാഖാ മുൻ മാനേജർ പേഴ്‌സി ജോസഫ്‌ ഡസ്‌മണ്ടിനെ തൊടുപുഴ മുൻ എഎസ്പി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ മർദിച്ചെന്നും മാനഭംഗക്കേസിൽ കുടുക്കിയെന്നും ആരോപിച്ചു റജിസ്റ്റർ ചെയ്ത കേസ് 18.5 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കി. ഹൈക്കോടതിയുടെ മീഡിയേഷൻ സെന്ററിൽ ജൂലൈ 12നാണു തുക കൈമാറിയത്.

കൊച്ചിയിലെ ബിസിനസുകാരനാണ് ഒത്തുതീർപ്പിനു മുൻകൈ എടുത്തത്. 8 വർഷം നീണ്ട നിയമപ്പോരാട്ടത്തിനിടെ, ആർ.നിശാന്തിനിക്കും മറ്റു പൊലീസുകാർക്കുമെതിരെ പേഴ്സി ജോസഫ് നൽകിയ മൊഴി പൊലീസ് നശിപ്പിക്കുകയും അന്വേഷണം അട്ടിമറിക്കാൻ ഉന്നതതലത്തിൽ നീക്കം നടത്തുകയും ചെയ്തിരുന്നു.

തിരിച്ചടി ഉണ്ടാകുമെന്നു വ്യക്തമായതോടെയാണ് ഉന്നത പൊലീസുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഒത്തുതീർപ്പിനു തയാറായത് എന്നാണു സൂചന. 2011 ജൂലൈ 25, 26 തീയതികളിലായിരുന്നു സംഭവം. തൊടുപുഴ യൂണിയൻ ബാങ്കിൽ എത്തിയ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയെ അപമാനിക്കാൻ ബാങ്ക് മാനേജർ പേഴ്സി ശ്രമിച്ചു എന്നാരോപിച്ചാണു കേസ് ചാർജ് ചെയ്തത്.

പിറ്റേ ദിവസം നിശാന്തിനി, തന്നെ ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചെന്നാണു ‌പേഴ്സിയുടെആരോപണം. ജൂലൈ 26നു വൈകിട്ട് പേഴ്സിയുടെ അറസ്റ്റ് രേഖപ്പെടുത്തി, രാത്രി മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് 3 ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പേഴ്സി ജോസഫ്.

25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 പേരെ പ്രതികളാക്കി പേഴ്സി തൊടുപുഴ കോടതിയിൽ 2017 മാർച്ചിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഈ കേസിൽ വിധി വരുന്നതിനു തൊട്ടു മുൻപാണ് ഒത്തുതീർപ്പിനു തയാറായത്.

കൊച്ചിയിലെ ബിസിനസുകാരന്റെ വീട്ടിൽ നടന്ന ചർച്ചയിലാണു ധാരണ ആയത്. ഹൈക്കോടതി നിർദേശിച്ച മീഡിയേറ്ററുടെ സാന്നിധ്യത്തിൽ 18.50 ലക്ഷം രൂപ പേഴ്സി ജോസഫിനു കൈമാറി. നിശാന്തിനി, പേഴ്സിയോടു മാപ്പു പറഞ്ഞു.

കേസ് ഒത്തുതീർപ്പാക്കിയതു സംബന്ധിച്ചു ഹൈക്കോടതിയുടെ റിപ്പോർട്ട് തൊടുപുഴ കോടതിയിൽ സമർപ്പിച്ച ശേഷം പേഴ്സി ജോസഫ് കേസ് പിൻവലിക്കുന്നതായി അറിയിച്ചു.
യൂണിയൻ ബാങ്ക് പെരുമ്പാവൂർ ശാഖയിൽ ചീഫ് മാനേജരാണ് എറണാകുളം വൈറ്റില സ്വദേശി പേഴ്സി ജോസഫ്. പൊലീസ് ആസ്ഥാനത്ത് എസ്പിയായിരുന്ന നിശാന്തിനി ഇപ്പോൾ പഠനത്തിനായി വിദേശത്താണ്. പേഴ്സി ജോസഫിനെ മർദിച്ച കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 2 ഉദ്യോഗസ്ഥർ ഇതിനകം സർവീസിൽ നിന്നു വിരമിച്ചു.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp