Main Menu

വഴിക്കണ്ണുമായി മകനെ കാത്തിരിക്കുന്ന വൃദ്ധ ദമ്പതികൾ ചോദിക്കുന്നു? മകനെ നീ എവിടെ? നിനക്കുള്ള ഭക്ഷണം എന്നും ഞങ്ങൾ മാറ്റി വയ്ക്കുന്നു ! എന്തേ നീ തിരിച്ചു വരാത്തത്?

കേരളം മുഴുവന്‍ അറിയപ്പെട്ടിരുന്ന കൂ​​​ത്തു​​​പ​​​റമ്പ് നീ​​​ര്‍​​​വേ​​​ലി സ്വ​​​ദേ​​​ശി സോണി എം ഭട്ടതിരിപ്പാട് എന്ന മാധ്യമ പ്രവർത്തകനെ കാണാതായിട്ട് 10 വർഷങ്ങൾ പിന്നിടുന്നു. ഗ്രാമാന്തരീക്ഷത്തെ ഒന്നാകെ പുല്‍കുന്ന വീട്ടില്‍ മകനെവിടെയെന്നറിയാതെ നീറിനീറി കഴിയുകയാണ്‌ സോണിയുടെ വൃദ്ധരായ അച്‌ഛനുമമ്മയും. നീര്‍വേലി ശ്രീരാമക്ഷേത്രത്തിനു സമീപത്തുകൂടിയുള്ള ഒറ്റയടിപ്പാതയില്‍ സോണിയുടെ കാലടികള്‍ പതിഞ്ഞിട്ടു 13 വര്‍ഷം പിന്നിട്ടിരിക്കുന്നു. 

ഇന്ത്യാവിഷന്‍ ചാനലില്‍ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്ററായിരുന്ന സോണിയെ ഗോവന്‍ ചലച്ചിത്ര മേള റിപ്പോര്‍ട്ട്‌ ചെയ്‌തു മടങ്ങുംവഴിയാണ്‌ കാണാതാകുന്നത്‌. മലയാള മനോരമ കാസര്‍ഗോഡ്‌ ബ്യൂറോ ചീഫായും മനോരമന്യൂസിലെ \’നിങ്ങള്‍ ആവശ്യപ്പെട്ട വാര്‍ത്ത\’യിലൂടെയും ഇന്ത്യാവിഷനിലെ \’കേരളനടന\’ത്തിലൂടെയും മാധ്യമലോകത്ത്‌ തിളങ്ങിയ സോണി ഇന്നെവിടെയെന്ന്‌ ആര്‍ക്കുമറിയില്ല.

ദുരന്തങ്ങള്‍ ആഘോഷിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത്‌ സോണിയെന്ന മുപ്പത്തിയെട്ടുകാരന്‍ ഒന്നുമല്ലാതായി മാറുകയാണെന്ന തോന്നലുയരുമ്പോഴും പ്രപഞ്ചത്തിലെവിടെയോ, ചുണ്ടില്‍ മായാത്ത ചെറുപുഞ്ചിരിയുമായി ആ ചെറുപ്പക്കാരന്‍ നടന്നു നീങ്ങുന്നുണ്ടാകുമെന്നു വിശ്വസിക്കുകയാണ് സോണിയെ സ്നേഹിക്കുന്നവർ . പെട്ടെന്നൊരു ദിവസം ട്രെയിനില്‍വച്ച്‌ സോണിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന്‌ സോണിക്കുവേണ്ടിയുള്ള അന്വേഷണങ്ങളായി. പോലീസ്‌ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വിവിധ സംസ്‌ഥാനങ്ങളില്‍ ലുക്കൗട്ട്‌ നോട്ടീസ്‌ പ്രസിദ്ധീകരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാട്‌ അലഞ്ഞു. എന്നാല്‍ സോണി ഇന്നും അപ്രത്യക്ഷനാണ്‌.

മകനെ ജീവനേക്കാളേറെ സ്‌നേഹിച്ച പത്മനാഭന്‍ ഭട്ടതിരിപ്പാടും ഒരുനിമിഷംപോലും മകനെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കഴിയാത്ത സുവര്‍ണ്ണിനി അന്തര്‍ജനവും. ആ കണ്ണുകളില്‍ പ്രതീക്ഷ വറ്റിയിരിക്കുന്നു.

ഗ്രാമീണതയുടെ നന്മകൾ ഏറെയുള്ള സ്‌ഥലമാണ്‌ കണ്ണൂർ ജില്ലയിലെ നീര്‍വേലി. പ്രകൃതി അതിന്റെ ശാന്തത മറയില്ലാതെ പ്രദര്‍ശിപ്പിക്കുന്നു. ഈ മണ്ണില്‍ ജനിച്ചതിനാലാകണം സോണിക്ക്‌ മനുഷ്യമനസുകളെ മറയില്ലാതെ കാണാന്‍ സാധിച്ചിരുന്നത്‌.

എന്‍ഡോസള്‍ഫാന്‍ ദുരിതഭൂമിയിലൂടെ കരയുന്ന മനസുമായി മാധ്യമപ്രവര്‍ത്തകന്‍ എന്നതിലുപരി എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാനുഷികമൂല്യമുള്ള ഒരു പൊതുപ്രവര്‍ത്തകന്റെ വേഷമായിരുന്നു സോണിക്ക്‌. വിഷം തിന്നാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ ദുരന്തചിത്രം സോണി വായനക്കാരന്റെ മനസില്‍ പതിപ്പിച്ചിരുന്നു . രാഷ്‌ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്നിരുന്ന പലരുടെയും യഥാര്‍ഥമുഖം സോണി പുറത്തുകൊണ്ടുവന്നിരുന്നു.

ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു സോണിയുടെ തിരോധാനം. 2008 ഡിസംബര്‍ എട്ടിനാണ്‌ മാധ്യമലോകത്തെ ഈ വിലപ്പെട്ടവനെ നഷ്‌ടമാകുന്നത്‌. ഡിസംബര്‍ ഒന്നിനു ഗോവയില്‍ ഇന്ത്യാവിഷനുവേണ്ടി അന്താരാഷ്‌ട്ര ചലച്ചിത്രമേള റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടെ മാനസിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ട സോണി നേരേ പോയത്‌ മംഗലാപുരത്തെ ഒരു ആശുപത്രിയിലേക്കായിരുന്നു. അവിടെ ക്ലിനിക്കില്‍ ഒരാഴ്‌ചത്തെ വിശ്രമത്തിനുശേഷം ഭാര്യാപിതാവ്‌ എം. ഗണപതി നമ്പൂതിരിക്കൊപ്പം ട്രെയിനില്‍ വീട്ടിലേക്കുമടങ്ങിയ സോണിയെ കാഞ്ഞങ്ങാടുവച്ചാണ്‌ കാണാതായത്‌.

ബാത്ത്‌റൂമിലേക്കെന്നുപറഞ്ഞു പോയ സോണി ഒരുമണിക്കൂറായിട്ടും മടങ്ങിവന്നില്ല. രാത്രി വൈകി വീട്ടിലേക്കുവിളിച്ച സോണി താന്‍ കോഴിക്കോടുന്നെും ചില അസൈന്‍മെന്റ്‌സ് ചെയ്‌തുതീര്‍ക്കാനുണ്ടെന്നുമാണ്‌ അവസാനം പറഞ്ഞത്‌. മന്ന്യത്ത്‌ ഇല്ലമെന്ന സോണിയുടെ വീട്ടില്‍ അന്നുരാത്രി എല്ലാവരും സമാധാനമായി ഉറങ്ങിയെങ്കിലും, മനസമാധാനത്തോടെയുള്ള അവസാനത്തെ ഉറക്കമായിരുന്നു അവര്‍ക്കത്‌.

തുടർന്നുള്ള ദിവസങ്ങളിൽ രണ്ടു വൃദ്ധജീവിതങ്ങളുടെ താളക്രമം തെറ്റിക്കൊണ്ടേയിരുന്നു. സോണി എന്ന ചെറുപ്പക്കാരൻ ആഗ്രഹങ്ങളുടെ ഭാണ്ഡക്കെട്ടുപേക്ഷിച്ച്‌ എങ്ങോട്ടാണു പോയതെന്ന് ഇപ്പോഴും ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.

സോണിയെ കാണാതായതിനുശേഷം കാഞ്ഞങ്ങാട്‌ പോലീസ്‌ സ്‌റ്റേഷനിലാണ്‌ അച്‌ഛന്‍ പരാതി നല്‍കിയത്‌. പിന്നീട്‌ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടേയും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലുകളുടേയും പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയുടേയും അടിസ്‌ഥാനത്തില്‍ സോണിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

സോണിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ കുന്ദാപുരത്തിനു സമീപം ഗംഗോലിയിലാണ്‌ ആളുള്ളതെന്നു മനസിലാക്കി വീട്ടുകാര്‍ അവിടെയെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ കൊല്ലൂരിലെ ഒരു ജീപ്പ്‌ ഡ്രൈവര്‍ സോണിയുടെ ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞു. സോണി കുടജാദ്രിയിലേക്കാണു പോയതെന്നു ഡ്രൈവര്‍ വ്യക്‌തമാക്കി. പിന്നീട്‌ ബംഗളുരു, മംഗലാപുരം, മൂകാംബിക, കുടജാദ്രി, ചെന്നൈ, രാമേശ്വരം തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സ്‌ഥലങ്ങളിലും സന്ദര്‍ശനം നടത്തി. എന്നാല്‍ നിരാശ വീണ്ടും പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തി. കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും പോലീസും അന്വേഷണങ്ങള്‍ തുടര്‍ന്നു. എന്നാല്‍ സോണി നിഗൂഢതയിലേക്ക്‌ വീണ്ടും മറയുകയാണ് ഉണ്ടായത് .

അന്യസംസ്‌ഥാനങ്ങളില്‍ നല്‍കിയ ലുക്ക്‌ഔട്ട്‌ നോട്ടീസിന്റേയും കുടജാദ്രിയിലെ ജീപ്പ്‌ ഡ്രൈവറുടെ മൊഴിയുടേയും അടിസ്‌ഥാനത്തില്‍ ഒരുപാട്‌ അന്വേഷിച്ചെങ്കിലും സോണിയെ കണ്ടെത്താനായില്ല. 2008 ഡിസംബര്‍ പന്ത്രണ്ടു വരെ സോണി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട്‌ മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ആയി. എ.ടി.എമ്മില്‍നിന്ന്‌ ഇതിനിടെ സോണി 3000രൂപ പിന്‍വലിച്ചിരുന്നു. കൂടുതല്‍ പണം പിന്‍വലിച്ച്‌ യാത്ര തുടരേണ്ടെന്നു കരുതി വീട്ടുകാര്‍ എ.ടി.എം. ബ്ലോക്ക്‌ ചെയ്‌തു. എന്നാല്‍, ഇതേക്കുറിച്ചോര്‍ത്ത്‌ ഇപ്പോള്‍ ഇവരുടെ മനസ്‌ തകരുകയാണ്. ഭക്ഷണം കഴിക്കാനുള്ള പണംപോലും കൈയിലില്ലാതെ അലയുന്ന സോണിയെക്കുറിച്ചോര്‍ക്കുമ്പോള്‍ സുവര്‍ണ്ണിനി അന്തര്‍ജനത്തിന്റെ മിഴികളിൽ ഈറനണിയുന്നു

മനഃശാന്തിക്കായി തീര്‍ഥാടനങ്ങള്‍ നടത്തുന്ന പതിവ്‌ സോണിക്കു പണ്ടേയുണ്ടായിരുന്നു. മൂകാംബിയും കൊല്ലൂരും കുടജാദ്രിയുമെല്ലാം സോണിയുടെ ഇഷ്‌ട ഇടങ്ങളായിരുന്നു. ആരോടും പറയാതെ ജോലിക്കിടയില്‍നിന്നു മുങ്ങുന്ന സോണി അഞ്ചോ ആറോ ദിവസത്തെ യാത്രകള്‍ക്കുശേഷമാകും മടങ്ങിയെത്തുക. ആത്മസംതൃപ്‌തിക്കായി സോണി തെരഞ്ഞെടുത്ത മാര്‍ഗം ഇത്തരം യാത്രകളായിരുന്നു.

കാണാതായപ്പോള്‍ മുതല്‍ സോണി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ്‌ സോണി എവിടെയുണ്ടെന്നു മനസിലാക്കിയിരുന്നത്‌. എന്നാല്‍, പെട്ടെന്നൊരുദിവസം ഇന്ത്യാവിഷന്‍ സോണിയുടെ നമ്പര്‍ കാന്‍സല്‍ ചെയ്‌ത് ഡ്യൂപ്ലിക്കേറ്റ്‌ സിം എടുത്ത്‌ കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ക്കു നല്‍കി. ഇതോടെ സോണി എവിടെയെന്നു കത്തൊനുള്ള അവസാന മാര്‍ഗവും ഇല്ലാതായി. 

മകനെ കാണാതെ കരച്ചില്‍ മാത്രമായി ദിവസങ്ങള്‍ തള്ളിനീക്കിയത് എങ്ങനെയെന്ന് ഈ വൃദ്ധ മാതാപിതാക്കൾക്ക് അറിയില്ല . ഒരുനിമിഷം പോലും സോണിയുടെ ഓര്‍മകള്‍ തങ്ങളിലേക്കെത്താതിരിക്കാന്‍ ഇവര്‍ ശ്രമിച്ചുപോകുന്നു. മകനെക്കുറിച്ചുള്ള ഓര്‍മകള്‍ ആ അമ്മയുടെ മനസില്‍ പലപ്പോഴും വിങ്ങലുണ്ടാക്കുന്നു. സദാസമയവും രാമനാമം ഉയര്‍ന്നുകേള്‍ക്കുന്ന മണ്ണില്‍ വിങ്ങുന്ന മനസുമായി ഇവര്‍ സോണിയുടെ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.. ഇപ്പോഴും തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം സോണിക്ക് വേണ്ടി മാറ്റി വെച്ച് കാത്തിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികൾ.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp