Main Menu

നിരത്തുകളെ കൊലക്കളങ്ങളാക്കുന്നത് ആരാണ്

കേരളത്തില്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ കഴിയുന്ന മനുഷ്യരെ റോഡപകടങ്ങള്‍ തടയാന്‍ ഉത്തവാദപ്പെട്ടവര്‍ നിസ്സംഗതയോടെ നോക്കി നിന്ന് കൊച്ചുകേരളത്തിന്റെ ദുരന്തങ്ങളാക്കി മാറ്റുകയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പൊലിഞ്ഞത് 23000 ത്തോളം മനുഷ്യര്‍. പരിക്കേറ്റ് സാധാരണ ജീവിതം നഷ്ടപ്പെട്ടവര്‍ രണ്ടേകാല്‍ ലക്ഷത്തോളം പേരും. അപകടമരണങ്ങള്‍ സാധാരണമെന്ന മട്ടിലേക്ക് കേരളം മാറിയിരിക്കുന്നു. കുടുംബത്തിന്റെ അത്താണികള്‍ നഷ്ടപ്പെടുന്നവര്‍, അനാഥരാക്കപ്പെടുന്ന മക്കള്‍, മക്കളുടെ വേര്‍പാടില്‍ ജീവിതം മുഴുവന്‍ വേദനിക്കുന്ന മാതാപിതാക്കള്‍. വാഹനങ്ങള്‍ കൂടുന്നതിനനുസരിച്ച് അപകടങ്ങളും മരണങ്ങളും കൂടുമെന്ന ന്യായമാണ് അധികൃതര്‍ ഉള്‍പ്പെടെ മുന്നോട്ടുവെക്കുന്നത്. 
വലിയ അപകടങ്ങള്‍, ദാരുണമായ ദുരന്തങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനപ്പുറത്തേക്ക് ആയുസ് നീളുന്നില്ല. വീണ്ടും വലിയ ദുരന്തങ്ങളുണ്ടാകുന്നതു വരെ മറവിയുടെ മയക്കത്തിലേക്ക് ആണ്ടു പോകും മലയാളികള്‍. ഗതാഗത വകുപ്പ് റോഡ് സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നതു പോലുമില്ല. 700ലധികം ഉദ്യോഗസ്ഥരാണ് ഈ വകുപ്പില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ റോഡ് സുരക്ഷയുടെ ഉത്തരവാദിത്തമെല്ലാം പൊലീസില്‍ അര്‍പ്പിച്ച് വാഹന രജിസ്‌ട്രേഷന്‍, റി റജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കല്‍ തുടങ്ങിയ കര്‍ത്തവ്യങ്ങളില്‍ അര്‍പ്പിതമായിരിക്കുകയാണ് ഗതാഗത വകുപ്പ്.

സര്‍ക്കാര്‍ ഖജനാവിലേക്ക് മുതലുകൂട്ടാനുള്ള കുറുക്കുവഴിയാണ് പൊലീസിന് ഗതാഗത സുരക്ഷ. ഇരകളെ വേട്ടയാടുന്നതു പോലെയാണ് വളവുകളില്‍ ഒളിഞ്ഞുനിന്ന് ഇരുചക്ര യാത്രികരെ കെണിയില്‍ വീഴ്ത്തുന്നത്. എല്ലാ പരിശോധനയും ഇരുചക്ര യാത്രികര്‍ക്ക് മാത്രം. എന്നാല്‍ ആഡംബര കാറുകളെ ആദരവോടെയാണ് പൊലീസ് കടത്തിവിടുന്നത്. മദ്യപിച്ച് മദോന്മത്തരായി വായു വേഗത്തില്‍ കാറോടിക്കുന്ന, നിരത്തുകളിലെ ഭീകരന്മാരോട് പൊലീസിന് ഭയഭക്തി ബഹുമാനം മാത്രം. പൊലീസും ഗതാഗത വകുപ്പും സാധാരണക്കാരന് മേല്‍ പിഴ ചുമത്താനുള്ള ഉപകരണമായി മാറ്റിയിരിക്കുകയാണ് സര്‍ക്കാര്‍. ഖജനാവിലേക്ക് പണമെത്തിക്കാനുള്ള കുറുക്കുവഴിയായി റോഡ് സുരക്ഷയെ സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. കോടികള്‍ മുടക്കി സി.സി.ടി.വി ക്യാമറകള്‍ റോഡുകളിലെമ്പാടും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നത് പത്ത് ശതമാനം പോലുമില്ല. തലസ്ഥാന നഗരിയില്‍ ഒന്നോ രണ്ടോ ഇടങ്ങളിലാണ് സി.സി.ടി.വി പ്രവര്‍ത്തിക്കുന്നത്. കേടായവ നന്നാക്കാനുള്ള നടപടികളെക്കുറിച്ച് പോലും ആരും ആലോചിക്കുന്നില്ല. ബജറ്റ് വിഹിതം ധൂര്‍ത്തടിക്കാനുള്ള തട്ടിപ്പ് വിദ്യയായി മാറിയിരിക്കുകയാണ് ഈ ക്യാമറകള്‍.

കേരളത്തില്‍ പ്രതിവര്‍ഷം ഏകദേശം 1000 കോടി രൂപയോളം വാഹനാപകടങ്ങള്‍ കാരണം പല രീതിയില്‍ സര്‍ക്കാരിന് ചെലവാകുന്നുവെന്നാണ് കണക്ക്. മനുഷ്യ ജീവനുകളുടെ നഷ്ടം വേറെ. അംഗവൈകല്യം ബാധിച്ച് ജീവിത ദുരന്തത്തിലേക്ക് തള്ളപ്പെടുന്ന യുവത്വം അതിലേറെ ആശങ്കാജനകമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കനുസരിച്ച് 1300 ഓളം പേരാണ് ഇരുചക്ര വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 1, 40,000 ഇരുചക്ര വാഹനാപകടങ്ങളാണുണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കനുസരിച്ച് പ്രതിവര്‍ഷം 4000ത്തിലേറെ പേരാണ് അപകടങ്ങളില്‍ മരിക്കുന്നത്. ദിനംപ്രതി അപകടങ്ങള്‍ കൂടുന്നു. കേരളത്തില്‍ മൂന്ന് കോടിയിലധികം ജനങ്ങളും ഒരു കോടിയിലധികം വാഹനങ്ങളുമാണുള്ളത്. 18 വയസ്സിനും 45 വയസ്സിനുമിടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാഹനമുണ്ടെന്നാണ് കണക്ക്. നിരത്തില്‍ പൊലിയുന്ന ജീവനുകളിലേറെയും ഈ പ്രായപരിധിയിലുള്ളവര്‍ തന്നെ. പതിയിരുന്ന ഹെല്‍മെറ്റ് വേട്ട നടത്തിയാല്‍ ഖജനാവിലേക്ക് പണം സ്വരുകൂട്ടാന്‍ കഴിയുമെങ്കിലും അപകടങ്ങള്‍ കുറക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാന്‍ സര്‍ക്കാരിന് സാധിക്കണം.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ മാത്രം കര്‍ശനമാക്കിയതു കൊണ്ട് അപകടങ്ങള്‍ കുറയില്ല. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ മേല്‍ പിഴ ചുമത്തിയതു കൊണ്ടും പ്രയോജനമില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കല്‍ ഉള്‍പ്പെടെ കടുത്ത ശിക്ഷണ നടപടികള്‍ കൊണ്ടേ നിയമലംഘനങ്ങള്‍ക്ക് തടയിടാന്‍ കഴിയൂ. ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റുകള്‍ കുറച്ചുകൂടി കര്‍ശനമാക്കണം. നിരത്തുകളില്‍ പൊലിയുന്ന മനുഷ്യജീവനുകള്‍ക്ക് പൊലീസിനും ഗതാഗത വകുപ്പിനും ഉത്തരവാദിത്തമുണ്ടെന്ന നില വന്നാല്‍ മാത്രമേ കേരളത്തിലെ നിരത്തുകള്‍ സുരക്ഷിതമാകൂ. 
തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിനുത്തരവാദി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് ഒരു മനുഷ്യ ജീവന്‍ കവര്‍ന്നെടുക്കുകയാണ് ആ ഉദ്യോഗസ്ഥന്‍ ചെയ്തത്. കൊല്ലപ്പെട്ടത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് മാത്രം ഈ സംഭവം വിവാദമായി. ഇല്ലെങ്കില്‍ ആരാലൂമറിയാതെ ഒതുക്കപ്പെടുമായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥന് പൊലീസ് നല്‍കിയ പ്രിവിലേജ് ആണ് ഇതെന്ന് കരുതുന്നത് തെറ്റാണെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp